Thursday, November 3, 2011

ബ്ലോഗും ഗൂഗിളും പിന്നെ ആഡ്‌സെന്സും

 

ഒരു പാട് ത്യഗങ്ങള്‍ക്ക് ശേഷം ഒരു മള്‍ട്ടി നാഷണല്‍ ഐ ടി കമ്പനിയില്‍ ജോലി കിട്ടിയ കാലം . മാസാ മാസം കിട്ടുന്ന അഞ്ചക്ക ശമ്പളം മാസത്തില്‍ നാല് തവണ പോലും ഇടപ്പള്ളി കാര്‍ത്തികയില്‍( ബാറാണ് തെറ്റിദ്ധരിക്കരുത് , എനിക്ക് മറ്റേ ശീലം ഇല്ല) പോകാന്‍ തികയാതെ വന്ന കാലത്താണ് ഒരു സുഹൃത്ത്‌ ( ഇദ്ദേഹം ഇനി വരാന്‍ പോകുന്ന ഒരുപാട് ബ്ലോഗുകളില്‍ കഥാ പാത്രം ആണ് , പേര് ഞാന്‍ മറ്റൊരു പോസ്റ്റില്‍ വെളിപ്പെടുത്താം, തല്ക്കാലം ടിയാന്‍ എന്ന് വിളിക്കാം) എളുപ്പത്തില്‍ പൈസ ഉണ്ടാക്കാനായുള്ള ഒരു ടെക്നിക്കുമായി “ ഗ്രഹണി പിടിച്ചവന്റെ മുന്നില്‍ ചക്ക കൂട്ടാന്‍ “ എന്ന പോലെ പ്രത്യക്ഷപ്പെട്ടത് . അളിയാ കാശു ഒണ്ടാക്കാനുള്ള ഒരു എളുപ്പവഴിയുണ്ട് “ബ്ലോഗിങ്ങ്" . എന്ന് പറഞ്ഞു അവന്‍ ബ്ലോഗ്ഗിങ്ങും ആഡ്‌സെന്‍സ്‌ വഴിയുള്ള വരുമാനവും എല്ലാം വിവരിക്കാന്‍ തുടങ്ങി . ഇത് കണ്ടു “ എല്ലാ ഒന്നാം തീയതിയും വീടുകളില്‍ നേര്ച്ച വെടി പൊട്ടിക്കാന്‍ വരുന്ന വെടിക്കാരനെ നോക്കി പൊട്ടന്‍ മാധവന്‍‍ ഇരിക്കുന്ന പോലെ ഞാന്‍ ഇരുന്നു “ . പക്ഷെ അവന്‍ വിത്ത്‌ ഡെമോ സംഗതി കാണിച്ചു തന്നപ്പോള്‍ മനസ്സില്‍ ലഡ്ഡു പൊട്ടി. !!!!!!!!!!! ക്ലിക്ക്‌ = ഡോളര്‍ !!!!!!!!!!!!!!!!!! ആഹ എന്ത് മനോഹരം . അപ്പോള്‍ തന്നെ അവനെ കെട്ടിപ്പിടിച്ചു ഒരു ഉമ്മ കൊടുത്തു . പിറ്റേ ദിവസം ഓഫീസില്‍ പോയി പണി തുടങ്ങാം എന്ന് പ്ലാന്‍ ചെയ്തു( അല്ലെങ്കിലും പണ്ടേ അണ്‍പ്രോഡക്റ്റിവായ  ഒരു കാര്യവും  വീട്ടില്‍ ഇരുന്നു ചെയ്യുന്ന ശീലം എനിക്കില്ല, ഛെ ഛെ മോശം) . പ്ലാന്‍ ഇങ്ങനെ….

സ്റ്റെപ് ഒന്ന് :  ബ്ലോഗ്‌ സ്പോട്ടില്‍ ഒരു അക്കൗണ്ട്‌ ഉണ്ടാക്കി എവിടുന്നെങ്കിലും വല്ല  ടെക്നോളജി ഇന്‍ഫര്‍മേഷന്‍ കോപ്പി ചെയ്തു ഇടുക , പറ്റാവുന്ന സ്ഥലത്തൊക്കെ ആഡ്സ് കുത്തി നിറയ്ക്കുക .

സ്റ്റെപ് രണ്ട് :  എനിക്ക് അവിടെയും ഇവിടെയും തെണ്ടി തിരിഞ്ഞ വകയില്‍ ഉള്ള പത്തിരുനൂറു ഫ്രണ്ടസ് ഉണ്ട് . എല്ലാ അവനും ദിവസവും രാവിലെ ഇതില്‍ ക്ലിക്ക് ചെയ്യു , ഇതില്‍ ക്ലിക്ക് ചെയ്യു എന്നും പറഞ്ഞു മെയില്‍ അയക്കുക. 

ഇത്രയും സംഗതി പുട്ടും കടലയും പോലെ നടന്നു.

വൈകിട്ട് റൂമിലെത്തി ഞാനും നമ്മുടെ ടിയാനും കൂടി ഫുള്‍ കാല്‍കുലേഷന്‍സ്

ഒരു ക്ലിക്ക് അര ഡോളര്‍ അപ്പോള്‍ നൂറു ക്ലിക്ക് എത്ര  ? കഠിനമായ ഈ സമസ്യക്കുത്തരം ഞങ്ങള്‍ വളരെ കഷ്ട്ടപ്പെട്ട് കണ്ടു പിടിച്ചു .

പിറ്റേന്ന് മുതല്‍  പുഞ്ച വരമ്പിലെ കൊറ്റിയെപ്പോലെ കമ്പ്യൂട്ടറില്‍ കണ്ണും നട്ട് ഇരിപ്പായി . ഉദ്യെശിച്ച അത്ര ക്ലിക്ക് കേറിയില്ലെങ്കിലും ഏതാണ്ട് ഒരു മാസം കൊണ്ട് സംഗതി നൂറു ഡോളര്‍ അടുപ്പിച്ചായി .

അന്ന് തന്നെ എല്ലാ സഹ മുറിയന്‍മാരെയും വിളിച്ചു പാര്‍ട്ടി അന്നൌന്‍സ് ചെയ്തു. ആകെ കൂടി ഒരു ഉത്സവ പ്രതീതി. ഞാനും കേരളത്തിലെ  യൂണിയന്‍ കാരെപ്പോലെ നോക്കു കൂലി വാങ്ങാന്‍ തുടങ്ങിയിക്കുന്നു, കണ്ണാടിയില്‍ ഒന്ന് കൂടി സ്വയം നോക്കി തൃപ്തി വരുത്തി .

പക്ഷെ ഒരു രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ ഗൂഗിള്‍ ആഡ്‌സെന്‍സില്‍ കയറാന്‍ നോക്കിയപ്പോള്‍ എന്തോ ഒരു പന്തി കേട് പോലെ അതില്‍ ഇംഗ്ലീഷില്‍ എന്തൊക്കെയോ കല പില എഴുതി വെച്ചിരിക്കുന്നു . ഹും എന്‍റെ പട്ടി വായിക്കും . കുറച്ചു കഴിഞ്ഞു നോക്കാം എന്ന് കരുതി . വൈകിട്ട് വീണ്ടും നോക്കി , ഇത്തവണ കുറച്ചു വായിച്ചു നോക്കി . തല കറങ്ങുന്നത് പോലെ, ഭൂമി കറങ്ങുന്നത് പോലെ  , വിശ്വാസം വരാതെ വീണ്ടും വീണ്ടും വായിച്ചു . ആ മെസ്സേജ് ഇങ്ങനെ ആയിരുന്നു.

blocked

ലോട്ടറി അടിച്ചിട്ട് ടിക്കറ്റ്‌ കളഞ്ഞു പോയവനെപ്പോലെ വീട്ടില്‍ എത്തിയപ്പോള്‍ ഒരു ചോദ്യം : അളിയാ നിന്റെ പാര്‍ട്ടി എവിടെ കാര്‍ത്തികയില്‍ ആണോ ഹൈവേ ഗാര്‍ഡനില്‍ ആണോ ? . തെറി പറഞ്ഞില്ല ഒന്നും പറഞ്ഞില്ല , നേരെ റൂമില്‍ പോയി ഉറങ്ങി.

 

അനുബന്ധം : പിറ്റേ ദിവസം അച്ഛനെ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു ഗൂഗിള്‍.കോം ഒരു ലെറ്റര്‍ അയച്ചെന്നു . നൂറു ഡോളര്‍ ചെക്ക്‌ ഔട്ട്‌ ചെയ്യാനുള്ള പിന്‍ കോഡ് (പിന്നീട് അറിയാന്‍ കഴിഞ്ഞു സ്ഥിരമായി ഒരേ ഐ പി അഡ്രസില്‍ നിന്നും ക്ലിക്ക്‌ വന്നാല്‍ തിരിച്ചറിയാനുള്ള ടെക്നോളജി ഒക്കെ ഗൂഗിളിന് ഉണ്ടെന്നു . ഗൂഗിള്‍ ആരാ മോന്‍.).

1 comment:

Joymon said...

പോട്ടെടാ.പോട്ടെ...അത്ര ജാഡയാണെങ്കില്‍ ഗൂഗിളിനോട് പോയി പണിനോക്കാന്‍ പറയേടാ...നമുക്ക് അവന്‍റെ നക്കാപ്പിച്ച കാശുകിട്ടിയിട്ടു വേണോ ജീവിക്കാന്‍...പിന്നെ അരി വാങ്ങിക്കണമല്ലോ എന്നാലോചിക്കുമ്പോള്‍...